നമ്മൾ നമുക്കായി

Switch To English Admin Login

header_mal.php Displaying header_mal.php.
Rebuild Kerala Initiative

അതിജീവന ക്ഷമതയുള്ള കേരളം പടുത്തുയർത്താൻ പ്രാദേശിക സമൂഹത്തിന് നൽകാൻ കഴിയുന്ന സംഭാവനകൾ

പ്രാദേശിക സമൂഹവും അതിജീവനവും


അത്യാഹിതങ്ങൾ ഉണ്ടായശേഷം അടിയന്തര നടപടികൾ എന്നതിനെക്കാള്‍ ദുരന്തസാധ്യതാ ലഘൂകരണത്തിന് ഊന്നല്‍ നല്‍കുന്ന കേരള പുനർനിർമാണ ദൗത്യ (Rebuild Kerala Initiatives)ത്തിന്റെ കേന്ദ്ര ബിന്ദുവാണ് പ്രാദേശിക സമൂഹം. പ്രാദേശികാടിസ്ഥാനത്തിലുള്ള ദുരന്ത നിവാരണ / പ്രതിരോധ നടപടികള്‍ വഴി ദുരന്തസാധ്യത പരമാവധി കുറയ്ക്കുകയും ദുരന്തങ്ങളെ നേരിടാനുള്ള ജനങ്ങളുടെ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതിനായി ചെയ്യാവുന്ന ചില നടപടികളാണ്:

  1. ദുരന്തങ്ങള്‍ എളുപ്പം ബാധിക്കാന്‍ സാധ്യതയുള്ള സമൂഹങ്ങളുടെ ദൗർബല്യങ്ങൾ പരിഹരിച്ചും കാര്യശേഷി വർധിപ്പിച്ചും ജീവനും സ്വത്തിനുമുള്ള നഷ്ടം, പാരിസ്ഥി തിക നാശനഷ്ടങ്ങൾ എന്നിവ തടയാനും പരമാവധി കുറയ്ക്കാനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ.
  2. മനുഷ്യരുടെ ദുരിതങ്ങൾ കുറയ്ക്കുക,
  3. ത്വരിതഗതിയിലുള്ള പുനരുജ്ജീവനം

ദുരന്ത നിവാരണ/ ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ ചുവടെ പറയുന്നവ സാധ്യമാക്കാം.

പാലങ്ങൾ, സംരക്ഷണഭിത്തികൾ, വരമ്പുകൾ, സുരക്ഷിത കെട്ടിടങ്ങളുടെ രൂപകൽപ്പന തുടങ്ങിയവയിലൂടെ പ്രകൃതി ദുരന്തങ്ങൾ കാരണം ജനങ്ങളുടെ ജീവനും അടിസ്ഥാന സൗകര്യങ്ങൾക്കും സ്വത്തിനുമുണ്ടാകുന്ന നഷ്ടം കുറയ്ക്കാം.

അതുപോലെ പ്രാദേശികമായി ദുരന്തസാധ്യത കണക്കാക്കല്‍, അതിന്റെ അടിസ്ഥാനത്തിലുള്ള ആസൂത്രണം, പൊതുഅവബോധം സൃഷ്ടിക്കൽ, ഭക്ഷ്യസുരക്ഷാ പരിപാടികൾ, സഹകരണ സ്ഥാപനങ്ങൾ, ദുരന്ത നിവാരണ രംഗത്ത് പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ശക്തിപ്പെടുത്തൽ, ദുരന്തങ്ങളും വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഏറ്റെടുക്കല്‍, നിയമ നിർമ്മാണം, മേഖലാടിസ്ഥാനത്തിലുള്ള ഭൂവിനിയോഗം തുടങ്ങിയവയും ദുരന്താഘാതം കുറയ്ക്കുന്നതിനു സഹായിക്കും.

ബോധവത്കരണ പരിപാടികളിലൂടെയും ഫലപ്രദമായ ആശയവിനിമയ സംവിധാനങ്ങള്‍ പരിശീലിപ്പിക്കുന്നതിലൂടെയും മുന്നറിയിപ്പുകൾ സ്വീകരിക്കുന്നതിനും മനസ്സിലാക്കുന്നതിനും ഉടന്‍ പ്രതികരിക്കുന്നതിനും ഉള്ള ജനങ്ങളുടെ ശേഷി ശക്തിപ്പെടുത്തേണ്ടതുണ്ട്. സമൂഹത്തിനു മുന്നറിയിപ്പുകൾ നൽകുന്നതിനും ബോധവത്കരണം നടത്തുന്നതിനും വിദ്യാര്‍ഥികളും യുവാക്കളും ഉൾപ്പെടെയുള്ള പ്രാദേശിക ഗ്രൂപ്പുകള്‍ക്ക് മുഖ്യപങ്കുവഹിക്കാന്‍ സാധിക്കും.

ചതുപ്പ്, ഒഴുകിവരുന്ന പ്രളയജലം കെട്ടിനില്‍ക്കാനുള്ള മറ്റ് ഇടങ്ങള്‍ തുടങ്ങിയവയുടെ സംരക്ഷണവും പുനരുജ്ജീവിപ്പിക്കലും; ജൈവതീരങ്ങള്‍ പോലുള്ള പരിസ്ഥിതി സൗഹൃദ സംവിധാനങ്ങള്‍; നഗരങ്ങളില്‍ വൃക്ഷങ്ങൾ, ഹരിത തെരുവുകൾ, ഹരിത മേൽക്കൂരകൾ തുടങ്ങിയവ സജ്ജമാക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹികമായ അതിജീവനശേഷി വർധിപ്പിക്കുന്നതിനും പാരിസ്ഥിതിക, സാമ്പത്തിക,സാമൂഹിക നേട്ടങ്ങൾ കൈവരിക്കുന്നതിനും സാധിക്കും. ദുരന്താനന്തര പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമ്പോൾ, അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണവും സംരക്ഷണവും പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പാക്കണം. അടിയന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വൃക്ഷങ്ങളെയും മറ്റ് ഹരിത വിഭവങ്ങളെയും എങ്ങനെ പരിഗണിക്കുമെന്നത് വ്യക്തമാക്കണം. പരിസ്ഥിതി സൗഹൃദപരമായി അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനുള്ള രൂപരേഖ ദീർഘകാല പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണം. വരുംകാല ദുരന്തങ്ങളെ അതിജീവിക്കാന്‍ കരുത്തുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിന് ഇതെല്ലാം അത്യാവശ്യമാണ്.

സാമൂഹിക മൂലധനത്തിന് (സോഷ്യൽ ക്യാപിറ്റൽ) - അതായത്, ശക്തമായ വ്യക്തിബന്ധങ്ങളും സോഷ്യൽ നെറ്റ് വർക്കുകളും വഴി പങ്കുവയ്ക്കപ്പെട്ട സ്വത്വബോധവും പരസ്പര വിശ്വാസവും - ദുരന്തങ്ങളെ വളരെ വേഗത്തില്‍, കൂടുതല്‍ കരുത്തോടെ അതിജീവിക്കുന്നതിനുള്ള ഊര്‍ജസ്രോതസ്സായി മാറാനാകുമെന്ന് സമീപകാല ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ദുരന്തങ്ങള്‍ നേരിട്ടവരില്‍ ശക്തമായ സാമൂഹ്യ ബന്ധങ്ങളുളളവർക്ക് വളരെ വേഗം തിരിച്ചുവരാനും ആവശ്യമായ വിവരങ്ങൾ, ഉപകരണങ്ങൾ, സഹായം എന്നിവ കരസ്ഥമാക്കാനും കഴിഞ്ഞിട്ടുണ്ട്. അതേസമയം സാമൂഹിക ബന്ധങ്ങൾ കുറവുള്ള സമൂഹത്തിനും അയൽക്കൂട്ടങ്ങൾക്കും ഇത്തരത്തിലുള്ള സഹായങ്ങളോ ബന്ധങ്ങളോ പുലർത്താൻ കഴിഞ്ഞിട്ടില്ല.

ചര്‍ച്ചാസൂചകങ്ങള്‍:

  1. ദുരന്തസാധ്യത ലഘൂകരിക്കുന്നതിനും അതിജീവനശേഷി കൈവരിക്കുന്നതിനും അപകടങ്ങള്‍ തരണം ചെയ്യുന്നതിനുള്ള കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും, സര്‍ക്കാരിന് കൈക്കൊള്ളാവുന്ന ഇടപെടലുകൾ എന്തൊക്കെയാണ്? ഏതു തരത്തിലുള്ള ബോധവത്കരണ പരിപാടികളും പരിശീലനങ്ങളുമാണ് ഇതിന് ആവശ്യമായിട്ടുള്ളത്?
  2. പ്രാദേശിക സമൂഹത്തിൽ നിന്ന് ദുരന്തനിവാരണത്തിനുള്ള അതിജീവന ഗ്രൂപ്പുകൾ രൂപീകരിക്കുമ്പോള്‍ നല്‍കേണ്ട പ്രധാന പരിഗണനകൾ എന്തൊക്കെയാണ്? അത്തരം ഗ്രൂപ്പുകളുടെ ഘടന എന്തായിരിക്കണം, അവരുടെ ശേഷി വർധിപ്പിക്കുന്നതിന് എങ്ങനെ പരിശീലിപ്പിക്കണം? ഇതിൽ ഉയർന്നു വരാവുന്ന വെല്ലുവിളികളും പരിഹാരങ്ങളും എന്തൊക്കെയാണ്?
  3. ആധുനികവത്കരിച്ചും മറ്റു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും വിവിധോദ്ദേശ്യ രക്ഷാ കേന്ദ്രങ്ങളായി ഉപയോഗപ്പെടുത്താനും പ്രാദേശിക ദുരന്ത പ്രതിരോധ സേനയുടെ ആസ്ഥാനമാക്കാനും പറ്റുന്ന പൊതു കെട്ടിട സൗകര്യം ലഭ്യമാണോ?
  4. വിവിധോദ്ദേശ്യ അടിയന്തര രക്ഷാകേന്ദ്രങ്ങൾ നിർമ്മിച്ച് അതിന്റെ പ്രവര്‍ത്തനവും പരിപാലനവും പ്രാദേശിക സമൂഹത്തെ ഏല്‍പിച്ചാല്‍ അത്തരം കേന്ദ്രങ്ങളുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും മെച്ചപ്പെടുത്തുന്നതിന് എന്ത് നടപടികൾ സ്വീകരിക്കാം? വെല്ലുവിളികളും സാധ്യമായ പരിഹാരങ്ങളും എന്തൊക്കെയാണ്?

വിലാസം

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍,
റീബില്‍ഡ് കേരള ഇനീഷിയേറ്റീവ്,
1 A,
കാള്‍സര്‍ ഹെതര്‍ ടവര്‍,
ഹില്‍ട്ടണ്‍ ടവര്‍ ഹോട്ടലിന് എതിര്‍വശം,
പുന്നേന്‍ റോഡ്, സ്റ്റാച്യു,
തിരുവനന്തപുരം 695001

ഫോൺ

0471 2517276

ഇമെയിൽ

talktorebuild@kerala.gov.in

സാമൂഹിക മാധ്യമങ്ങൾ