ഭൂവിനിയോഗം
ഭൂമിയുടെ വിനിയോഗത്തിനും കാർഷിക വിളകളിലും ഏറെ വൈവിധ്യമുള്ള സംസ്ഥാനമാണ് കേരളം. കൃഷിഭൂമി തരം മാറ്റുന്നതും മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതും കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി കേരളത്തിൽ വളർന്നു വരികയാണ്. ഇത് പ്രളയം പോലുള്ള ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ദുരന്ത പ്രതിരോധക്ഷമതയുള്ള പ്രദേശമാക്കുന്നതിനുള്ള ചർച്ചകളിൽ ഏറ്റവും പ്രധാനം ഭൂവിനിയോഗം തന്നെയാണ്. ഇത് വളരെ ആഴത്തിൽ ചർച്ചചെയ്യേണ്ടതുള്ളതിനാൽ അഞ്ചു ഉപവിഷയങ്ങളായാണ് ഭൂവിനിയോഗം ഇവിടെ പരിശോധിക്കുന്നത്. 1. ഭൂമിയുടെ ഉപയോഗം 2. കൃഷി 3. ആവാസവും പാർപ്പിടവും 4. ഖനനം 5. ദുരന്ത സാധ്യത പ്രദേശങ്ങൾ എന്നിവയാണ് ഉപവിഷയങ്ങൾ.
ഭൂപരിപാലനം
ഒരു ചതുരശ്ര കിലോമീറ്ററിൽ 860 പേര്‍ താമസിക്കുന്ന കേരളം ജനസാന്ദ്രത യില്‍ മൂന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ്. പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയില്‍ ഞെരുങ്ങി സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതി ജന വാസത്തിനും വികസനത്തിനും ലഭ്യമാവുന്ന ഭൂലഭ്യത പരിമിതപ്പെടുത്തുന്നു. സംസ്ഥാനത്തിന്റെ നാൽപ്പത്തിയെട്ട് ശതമാനവും വനമേഖലകളും പരിസ്ഥിതി ലോലപ്രദേശങ്ങളും ഉൾപ്പെടുന്ന മലമ്പ്രദേശങ്ങളാണ്. ഇക്കാരണത്താല്‍ താമസവും കൃഷിയുമെല്ലാം ഇടനാട്ടിലും താഴ്ന്നപ്രദേശത്തുമായാണ് കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇടനാട്ടിലേയും താഴ്ന്നപ്രദേശങ്ങളിലെയും ഭൂലഭ്യതയുടെ കുറവ് മലമ്പ്രദേശങ്ങളിലെ വനമേഖലകളുടെ കയ്യേറ്റത്തിനു മാത്രമല്ല, ഇടനാട്ടിലും താഴ്ന്നപ്രദേശത്തുമുള്ള തണ്ണീര്‍ത്തടങ്ങളുടെയും നദീതടങ്ങളുടെയും കയ്യേറ്റങ്ങള്‍ക്കും നെൽവയലുകള്‍ വ്യാപകമായി നികത്തപ്പെടുന്നതിനും കാരണമായിട്ടുണ്ട്.
ലഭ്യമായ ഭൂമിയിലുള്ള അശാസ്ത്രീയവും കരുതലില്ലാത്തതുമായ മനുഷ്യഇടപെടലുകളും മനുഷ്യാധിവാസ മേഖലകളുടെ അനിയന്ത്രിതവും അശാസ്ത്രീയവുമായ വ്യാപനവും പ്രകൃതി ദുരന്തഭീഷണി വര്‍ദ്ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ സംസ്ഥാനത്തെ ചെങ്കുത്തായ ചെരിവുകളുള്ള മലമ്പ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും തീരപ്രദേശങ്ങളും ഉള്‍പ്പെടുന്ന പരിസ്ഥിതി ലോല പ്രദേശങ്ങളുടെയും സംരക്ഷണം അതീവ പ്രാധാന്യമര്‍ഹിക്കുന്നു. പ്രളയത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള സ്വാഭാവിക പരിഹാരം എന്ന നിലക്ക് സമുദ്ര നിരപ്പിന് താഴെസ്ഥിതിചെയ്യുന്ന തണ്ണീര്‍ത്തടങ്ങള്‍ പോലെയുള്ള പ്രദേശങ്ങളുടെ ഭൂപരിപാലനത്തിന് വ്യത്യസ്തമായ സമീപനം ആവശ്യമാണ്. ഇവിടങ്ങളിലെ ഭൂവിനിയോഗത്തില്‍ തുടർച്ചയായി വന്നിട്ടുള്ള മാറ്റങ്ങൾ പ്രളയക്കെടുതി രൂക്ഷമാക്കുന്നതിനും സംസ്ഥാനത്തെ ദുരന്ത സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായിട്ടുണ്ട്.
പ്രളയത്തിനും ഉരുൾപ്പൊട്ടലിനുമുള്ള പ്രധാനകാരണങ്ങള്‍ താഴെ പറയുന്നവയുമായി ബന്ധപ്പെട്ടതാണ്.
- ചതുപ്പുകളും തണ്ണീര്‍ത്തടങ്ങളും വയലുകളും കൃഷിയേതര ആവശ്യങ്ങള്‍ക്കും മറ്റ് കരകൃഷികള്‍ക്കുമായി നികത്തുകയോ തരം മാറ്റുകയോ ചെയ്യുന്നതുമൂലം ഒഴുകിയെത്തുന്ന മഴവെള്ളം തങ്ങിനില്‍ക്കുന്നതിനുള്ള താഴ്ന്നയിടങ്ങള്‍ ഗണ്യമായി കുറഞ്ഞു.
- റോഡുകള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി സ്വാഭാവിക നീരൊഴുക്കുകള്‍ നികത്തപ്പെടുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നതും കലുങ്കുകള്‍, പാലങ്ങള്‍, ബണ്ടുകള്‍ എന്നിവയുടെ അശാസ്ത്രീയമായ നിര്‍മ്മാണവും
- ആസൂത്രണമില്ലാത്തതും അനിയന്ത്രിതവുമായ നഗരവല്‍ക്കരണം മൂലമുള്ള നിര്‍മ്മാണങ്ങളുടെ പെരുപ്പം മഴവെള്ളം ഊര്‍ന്നിറങ്ങുന്നത് പരിമിതപ്പെടുത്തുകയും അതുവഴി പെട്ടെന്നുള്ള വെള്ളപ്പൊക്കം ഉണ്ടാകുന്നതിനു കാരണമാകുകയും ചെയ്യുന്നു
- മലനാട്ടിലും തീരപ്രദേശങ്ങളിലുമുള്ള പാരിസ്ഥിതിക ദുര്‍ബല മേഖലകളിലെ അശാസ്ത്രീയവും അനിയന്ത്രിതവുമായ ഖനനം, ക്വാറികള്‍ ,കെട്ടിട നിര്‍മ്മാണം, എല്ലായിടത്തുമുള്ള ചുറ്റുമതിലുകള്‍, ചരിഞ്ഞ പ്രദേശങ്ങളിലെ റബര്‍ കൃഷി പോലെയുള്ള അശാസ്ത്രീയ കൃഷി രീതികള്‍
ഭൂവിനിയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വ്യാപകമായ ചർച്ചകളിലൂടെ അഭിപ്രായ രൂപീകരണത്തിലെത്തേണ്ടതുണ്ട്.
ഭൂപരിപാലനവുമായി ബന്ധപ്പെട്ട് ഉത്തരം കാണേണ്ട ചില പ്രധാനചോദ്യങ്ങള്‍ചുവടെ ചേര്‍ക്കുന്നു.
- നിങ്ങളുടെ പ്രദേശത്ത് കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഭൂവിനിയോഗത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്?
- നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് എന്തൊക്കെത്തരത്തിലുള്ള തുറസ്സായ സ്ഥലങ്ങളാണുള്ളത് ? അവ എങ്ങനെ സംരക്ഷിക്കാം? വസ്തുവിന്റെയും കെട്ടിടങ്ങളുടെയും ചുറ്റുമതിലുകള്‍ വെള്ളപ്പൊക്കം രൂക്ഷമാക്കിയിട്ടുണ്ടോ? അവ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായിട്ടുണ്ടോ?തുറസ്സായ ഇടങ്ങളും പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ട് പ്രദേശത്തിന്റെ സാമ്പത്തിക, ധനകാര്യ വികസനത്തിനായി ഭൂമി വികസനം എങ്ങിനെ ഉപയോഗപ്പെടുത്താം?
- വിനോദസഞ്ചാരം ഭൂവിനിയോഗത്തെ എങ്ങനെയാണ് ബാധിച്ചിട്ടുള്ളത്? പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ ഇതിന് ബന്ധമുണ്ടോ? സുസ്ഥിരമായ മാർഗ്ഗത്തിലൂടെ വിനോദസഞ്ചാരികളുടെ ആവശ്യങ്ങളെ നമ്മുക്കെങ്ങനെ പൂർത്തീകരിക്കാൻ പറ്റും?
- ദുരന്ത സാധ്യത ഇല്ലാതാക്കുന്നതിനായി നിങ്ങളുടെ പ്രദേശത്ത് പിന്തുടരാൻ പറ്റുന്ന ഭൂവിനിയോഗ മാതൃകകള്‍ എന്തൊക്കെയാണ്? ഭാവിയിലുള്ള കൈയേറ്റം തടയുന്നതിനും ഭൂവിനിയോഗം ശരിയായി നടക്കുന്നതിനുമായി സാമൂഹികാധിഷ്ഠിത നിരീക്ഷണം എങ്ങനെ സാധ്യമാക്കാം?
- മെച്ചപ്പെട്ട ഭൂവിനിയോഗം ഉറപ്പാക്കുന്നതിന് സ്വീകരിക്കാവുന്ന മറ്റ് നിയന്ത്രണങ്ങളും നടപടികളും എന്തൊക്കെയാണ്? വരും തലമുറക്കായി പൊതുഭൂമിയും തുറസ്സായ ഇടങ്ങളും ഇതേപോലെ നിലനിർത്തുന്നതിനും എല്ലാവര്‍ക്കും പ്രാപ്യമാക്കുന്നതിനും കഴിയുന്ന തരത്തില്‍, ലഭ്യമായ ഭൂമിയെ എങ്ങനെ സുസ്ഥിരമായി ഉപയോഗപ്പെടുത്താം?
- ഭൂമി വീണ്ടെടുക്കൽ (reclamation) നിയമങ്ങളിൽ ഉണ്ടായിട്ടുള്ള ഭൂവിനിയോഗത്തേയോ ആവാസവ്യവസ്ഥയേയോ പ്രതികൂലമായി ബാധിച്ചിട്ടുള്ള മാറ്റങ്ങൾ എന്തെല്ലാമാണ്? ഇത് പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണ്?
കൃഷി
കേരള ജനസംഖ്യയുടെ ഏകദേശം 52 ശതമാനം ഗ്രാമീണ മേഖലയിലാണ് ജീവിക്കുന്നത്. 17.15% ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്നുണ്ട്. 2018ലും 2019ലും ഉണ്ടായ പ്രളയത്തിൽ കടുത്ത നാശനഷ്ടമാണ് ഈ മേഖല അഭിമുഖീകരിച്ചത്. ഉപമേഖലകളായ വിളവ്, കന്നുകാലി, മത്സ്യകൃഷി എന്നിവയിൽ വിളകളെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. മേഖലയിലുണ്ടായ മൊത്തം നാശത്തിന്റെയും നഷ്ടത്തിന്റെയും 88 ശതമാനവും കാര്‍ഷികവിളകളുമായി ബന്ധപ്പെട്ടതായിരുന്നു. സ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയേയും കൃഷിയെ ആശ്രയിച്ചുകഴിയുന്ന ഗ്രാമീണമേഖലയിലെ വലിയൊരു വിഭാഗത്തെയും പ്രളയം സാരമായി ബാധിച്ചു. വലിയൊരു വിഭാഗം കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും, പ്രത്യേകിച്ചും കൃഷിയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളും മറ്റ് ദുര്‍ബല വിഭാഗങ്ങളിലും ഉള്‍പ്പെടുന്നവരുടെ, ജീവനോപാധികളില്‍ വലിയ നാശമാണ് പ്രളയം വിതച്ചത്.
കൃഷി, മത്സ്യബന്ധനം, കന്നുകാലി വളർത്തൽ തുടങ്ങിയ മേഖലകളില്‍ പരിസ്ഥിതി സൗഹാർദ്ദപരവും സുസ്ഥിരവും അതിജീവനക്ഷമവുമായ പ്രവർത്തനങ്ങളിലൂടെ പ്രളയത്തിന് മുൻപുള്ളതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ എത്തിക്കുക എന്നതാണ് പ്രളയശേഷമുള്ള വീണ്ടെടുപ്പിന്റെ സമീപനം.
വസ്തുവകകളുടേയും അടിസ്ഥാന സൗകര്യങ്ങളുടേയും പുന:സ്ഥാപനവും ജനങ്ങൾക്ക് ബദൽ വരുമാന സ്രോതസ്സുകൾ കണ്ടെത്തലുമാണ് ഹ്രസ്വകാല പുനർനിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്. പാരിസ്ഥിതികമായി സുസ്ഥിരമായ സംയോജിത കൃഷി സംവിധാനങ്ങൾ, ജലവിഭവങ്ങളുടെ സാമൂഹ്യാധിഷ്ഠിത പരിപാലനം, പരമ്പരാഗത തദ്ദേശീയ കന്നുകാലി ഇനങ്ങളുടെ പ്രോത്സാഹനം (പ്രാദേശിക സാഹചര്യങ്ങളുമായി ഇണങ്ങുന്നത്), മൂല്യ വര്‍ധിത ഉത്പന്ന ശൃംഖല മെച്ചപ്പെടുത്തല്‍ , ഏറ്റവും വേഗത്തിലുള്ള മുന്നറിയിപ്പ് സംവിധാനങ്ങളുടെ സ്ഥാപനം, ജിഐഎസ്/സാങ്കേതികവിദ്യയുടെ പിൻബലത്തിലുള്ള മെച്ചപ്പെട്ട ആശയവിനിമയ സംവിധാനങ്ങള്‍ ഒരുക്കല്‍ എന്നിവയിലൂടെ ഓരോ ഉപമേഖലകളുടെയും അതിജീവന ക്ഷമത പുനഃസ്ഥാപിക്കുന്നതിനാണ് ഇടക്കാല, ദീർഘകാല പ്രവർത്തനങ്ങൾ ശ്രദ്ധയൂന്നുന്നത്.
കൃഷിഭൂമി തുണ്ടുകളാക്കിയതും കാർഷിക മേഖലയിലെ ഉയരുന്ന വേതനവും കാരണം സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളിലും കൃഷി ലാഭകരമല്ലാതായി മാറിയിട്ടുണ്ട്. മലനാട്ടില്‍ അതിന്റെ ഭാഗമായ കുന്നിന്‍ ചരിവുകളില്‍ പ്രത്യേകിച്ച് കൃഷി നിരവധി വെല്ലുവിളികള്‍ നേരിടുന്നു. ഇടുക്കിയിലെയും വയനാട്ടിലേയും കൃഷിഭൂമിക്കും തോട്ടവിളകള്‍ക്കും അടുത്തിടെ പ്രകൃതി ദുരന്തങ്ങളില്‍ സംഭവിച്ച വ്യാപകമായ നാശം, ചരിവുകളില്‍ അശാസ്ത്രീയമായ കൃഷിരീതികള്‍ പിന്തുടരുന്നതു കാരണം ഉണ്ടായതെന്നു കരുതാവുന്ന വര്‍ദ്ധിച്ച രീതിയിലുള്ള മണ്ണൊലിപ്പും മണ്ണിടിച്ചിലും, കൃത്യമായ ആസൂത്രണമില്ലാത്ത കൃഷി രീതികള്‍ പിന്തുടരുന്നതുമൂലം മണ്ണിനും വിളകള്‍ക്കും ഉണ്ടാകുന്ന നഷ്ടം എന്നിവയും എടുത്തുപറയേണ്ടതാണ്.
വെള്ളപ്പൊക്കവും വെള്ളക്കെട്ടും, വിളകള്‍ അഴുകിപ്പോകുന്നതും മരങ്ങള്‍ പട്ടുപോകുന്നതും ആണ് ഇടനാട്ടിലും കുട്ടനാടും കോള്‍ നിലങ്ങളുമടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിലെയും ചതുപ്പു പ്രദേശങ്ങളിലെയും കൃഷിക്ക് വലിയ ആശങ്കകള്‍ സൃഷ്ടിക്കുന്നതെങ്കില്‍ ഉപ്പുവെള്ളം കയറുന്നതാണ് തീരപ്രദേശങ്ങളിലെ കൃഷി നേരിടുന്ന പ്രധാന വെല്ലുവിളി. ഉരുള്‍പൊട്ടല്‍ മൂലം എക്കല്‍ അടിയുന്നതും വെല്ലുവിളിയാണ്. മണ്ണൊലിപ്പും കുറയ്ക്കുന്നതിന് അനുയോജ്യമായ ബദൽ വിള രീതികള്‍ കണ്ടെത്തേണ്ടതുണ്ട്.
നാണ്യവിളകളെക്കാള്‍ നെല്‍കൃഷിക്കാണ് സംസ്ഥാനത്തെ ജലസേചന സംവിധാനങ്ങള്‍ കൂടുതല്‍ അനുയോജ്യമെന്നതിനാല്‍ ഇപ്പോള്‍ തന്നെ ദുര്‍ലഭമായിരിക്കുന്ന ഭൂഗര്‍ഭജലത്തെ അമിതമായി ചൂഷണം ചെയ്യേണ്ടിവരുന്നു. നെല്‍കൃഷിയിലുണ്ടായിട്ടുള്ള കുറവു കാരണം അധികമായി ലഭ്യമാകാനിടയുള്ള ജലം; പഴം, പച്ചക്കറി കൃഷി, പൂകൃഷി എന്നിവക്ക് ഉപയോഗപ്പെടുത്താനാകുന്ന വിധത്തില്‍ നിലവിലുള്ള ജലസേചന സംവിധാനങ്ങളെ നിലവിലുള്ളതോ പുതുതായി സൃഷ്ടിക്കുന്നതോ ആയ ജല സ്രോതസ്സുകളുമായി ബന്ധിപ്പിക്കുന്ന വിധത്തില്‍ പുനക്രമീകരിക്കേണ്ടതുണ്ട്. വളരുന്ന ജനസാന്ദ്രതയും നഗരവല്‍ക്കരണവും കൃഷിഭൂമിയെ ആവാസ, വാണിജ്യ കേന്ദ്രങ്ങളും റോഡുകളും മറ്റുമാക്കി തരംമാറ്റുന്നതിലേക്കു നയിച്ചിട്ടുണ്ട്.
വിള അധിഷ്ഠിത, കാലാവസ്ഥ അധിഷ്ഠിത ഇന്‍ഷുറന്‍സ് സൗകര്യങ്ങൾ വേണ്ടത്ര പ്രയോജനപ്പെടുത്താത്തതും വലിയ ആശങ്ക ഉയർത്തുന്നു. വലിയൊരു വിഭാഗം കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും, പ്രത്യേകിച്ച് കൃഷിയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളും മറ്റ് ദുര്‍ബല വിഭാഗങ്ങളിലും ഉള്‍പ്പെടുന്നവരുടെ, ജീവനോപാധികളില്‍ വലിയ നാശമാണ് പ്രളയം വിതച്ചത്.
2015ല്‍ സംസ്ഥാന ആസൂത്രണബോര്‍ഡ് നേതൃത്വം നല്‍കിയ ഒരു പദ്ധതി പ്രകാരം കേരളത്തിന്റെ കാര്‍ഷിക-പാരിസ്ഥിതിക അടിസ്ഥാനത്തിലുള്ള തരംതിരിക്കല്‍ ആരംഭിച്ചിട്ടുണ്ട്. കാലാവസ്ഥയുടെയും ഭൂഉപരിതല പഠനത്തിന്റെയും ഭൂവിനിയോഗത്തിന്റെയും മണ്ണിന്റെ പ്രത്യേകതയുടെയും അടിസ്ഥാനത്തില്‍ കേരളത്തെ അഞ്ച് പ്രധാന കാര്‍ഷിക-പാരിസ്ഥിതിക മേഖലകളായും 23 കാര്‍ഷിക-പരിസ്ഥിതി യൂണിറ്റുകളായും (എഇയു) വിഭജിച്ചിട്ടുണ്ട്. ഈ 23 യൂണിറ്റുകളെ പിന്നീട് ഭരണാതിര്‍ത്തികളുടെ അടിസ്ഥാനത്തില്‍ 20 കൃഷി-പരിസ്ഥിതി പരിപാലന യൂണിറ്റുകളായും (എഇഎംയു) വിഭജിച്ചിട്ടുണ്ട്. കാര്‍ഷിക-പാരിസ്ഥിതിക മേഖലകള്‍ക്കും കൃഷി-പരിസ്ഥിതി പരിപാലന യൂണിറ്റുകള്‍ക്കും അനുയോജ്യമായ തരത്തില്‍ ഫലപ്രദമായ ഭൂവിനിയോഗ ആസൂത്രണവും വിള രീതികളും വിഭവ വിനിയോഗവും ഉപയുക്തതയും വ്യാപന പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നതിനും കാര്‍ഷിക-പാരിസ്ഥിതിക മേഖലകളുടെ നടപ്പാക്കലിനുമായി ജന പങ്കാളിത്തത്തോടെയുള്ള ആസൂത്രണവും തീരുമാനങ്ങളും വളരെ അത്യാവശ്യമാണ്.
ഇതുവരെ വിശദമാക്കിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യാവുന്നതാണ്:
- പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കൃഷിയുടെയും അനുബന്ധ പ്രവര്‍ത്തനങ്ങളുടെയും അതിജീവനക്ഷമത ഉറപ്പാക്കുന്ന തരത്തിൽ നിലവിലുള്ള വിള രീതികളിലും കൃഷി സംവിധാനങ്ങളിലും ഏതു തരത്തിലുള്ള മാറ്റങ്ങളാണ് കൊണ്ടുവരാന്‍ സാധിക്കുക? നിലവിലുള്ള സംയോജിത കൃഷി, ബഹുവിള കൃഷി, വിള പരിവര്‍ത്തനം മുതലായവ ദുരന്തങ്ങളെ അതിജീവിക്കുന്നതിന് എത്രത്തോളം ഫലപ്രദമാണ്?
- തരിശുപ്രദേശങ്ങളില്‍ കൂട്ടുകൃഷി പ്രോത്സാഹിപ്പിക്കാനുള്ള വഴികള്‍ എന്തൊക്കെയാണ്? ഇതിനായി സാങ്കേതികവും(ജലലഭ്യത തുടങ്ങിയ) സ്ഥാപനപരവും സാമ്പത്തികവും മറ്റുമായ ആവശ്യങ്ങള്‍ എന്തൊക്കെയാണ്?
- പ്രധാനമായും വ്യാവസായിക, വാണിജ്യ ആവശ്യങ്ങള്‍ പോലെയുള്ള കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി കൃഷിഭൂമി ഉപയോഗിച്ചുവരുന്ന പ്രവണത സമീപകാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. കൃഷിയുടെയും അനുബന്ധ പ്രവര്‍ത്തനങ്ങളുടെയും ദുരന്ത പ്രതിരോധക്ഷമതയ്ക്കു തടസം സൃഷ്ടിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിന് എന്തൊക്കെ ചെയ്യാനാകും? ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ഇന്ന് നിലവിലുള്ള മാര്‍ഗ്ഗരേഖകളുും നിയമങ്ങളും എത്രമാത്രം പ്രയോജനകരമാണ്? ഇത്തരം നിയന്ത്രണങ്ങളും നിയമങ്ങളും കൂടുതല്‍ ഫലപ്രദമാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കും?
- AEMU,, AEZ എന്നിവയ്ക്ക് അനുയോജ്യമായ രീതിയില്‍ പ്രാദേശിക ആസൂത്രണം, അനുയോജ്യമായ വിളകള്‍ രേഖപ്പെടുത്തല്‍, വിഭവ വിനിയോഗം, പദ്ധതികള്‍/ഇടപെടലുകളുടെ സംശോധനം മുതലായവ ഉറപ്പാക്കുന്നതിന് സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ എന്തൊക്കെയാണ്? കൃഷി വകുപ്പിന്റെ ജില്ല, ബ്ലോക്ക്, ഗ്രാമതല സ്ഥാപനങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുമ്പോള്‍ എന്തൊക്കെ നിര്‍ണായക പരിഗണനകളാണ് ഉണ്ടാവേണ്ടത്? ഇതുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ എന്തൊക്കെയാണ്? ആ വെല്ലുവിളികള്‍ നേരിടാന്‍ സാധ്യമായ പരിഹാരങ്ങള്‍ എന്തൊക്കെയാണ്?
- ഒരേ കാലത്ത് ഒരേ ഭൂമിയില്‍ ഒന്നില്‍ കൂടുതല്‍ വിളകള്‍ കൃഷി ചെയ്യുന്നതിനേയാണ് (ഏക വിളയ്ക്ക് പകരം) ബഹുവിള കൃഷി എന്ന് പറയുന്നത്.
- ഒരേ കൃഷിഭൂമിയില്‍ വ്യത്യസ്ത വിളകള്‍ മാറിമാറി കൃഷി ചെയ്യുന്നതിനെയാണ് വിള പരിവര്‍ത്തനം എന്ന് പറയുന്നത്.
അടിക്കുറിപ്പ്: കന്നുകാലി പരിപാലനം, മത്സ്യ പരിപാലനം, തേനീച്ച വളര്‍ത്തല്‍, മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ കാര്‍ഷിക വിളകളുമായി സംയോജിപ്പിക്കുന്നതിനെയാണ് സംയോജിത കൃഷി എന്ന് പരാമര്‍ശിച്ചിരിക്കുന്നത്.
ആവാസം
പ്രളയമാണ് സംസ്ഥാനത്തെ ബാധിക്കാറുള്ള ഏറ്റവും വലിയ പ്രകൃതി ദുരന്തം. സംസ്ഥാന വിസ്തൃതിയുടെ ഏകദേശം 14.5 ശതമാനം പ്രളയ സാധ്യതയുള്ള പ്രദേശങ്ങളാണ്. ചില ജില്ലകളിൽ ഇത് 50 ശതമാനത്തോളമാണ്! ദുരന്തസാധ്യതയേറിയ ജില്ലകളിലും പ്രദേശങ്ങളിലുമുള്ള ആവാസകേന്ദ്രങ്ങള്‍ അതുകൊണ്ടുതന്നെ ഭീഷണിയിലാണ്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായ ആവാസരീതിയാണ് കേരളത്തിലുള്ളത്. ജനസംഖ്യയുടെ മുക്കാല്‍ഭാഗവും നഗരപ്രദേശങ്ങളിലോ നഗരപ്രാന്തങ്ങളിലോ അതിവേഗം നഗരവത്കരിക്കപ്പെടുന്ന ഗ്രാമങ്ങളിലോ ആണ് ജീവിക്കുന്നത്. ജനവാസ പ്രദേശങ്ങളെ വിഭജിക്കുന്നതരത്തില്‍ വിശാലവും തുറസുമായ സ്ഥലങ്ങള്‍ ഇല്ലാത്തതിനാല്‍ തുടര്‍ച്ചയുള്ള തരത്തിലുള്ള ജനവാസമാണ് ഇവിടെയുള്ളത്. സംസ്ഥാനത്ത് ഉടനീളം ധാരാളം ചെറിയ, ഇടത്തരം പട്ടണങ്ങൾ കാണപ്പെടുന്നു. അതേസമയം, വലിയ കൃഷിഭൂമിയും അവയ്ക്കിടയ്ക്ക് ചെറിയ ജനവാസകേന്ദ്രങ്ങളുമെന്ന തരത്തിലാണ് ഗ്രാമങ്ങള്‍. 2011ലെ കാനേഷുമാരി പ്രകാരം സംസ്ഥാന ജനസംഖ്യ ഗ്രാമ, നഗര പ്രദേശങ്ങളിൽ ഏകദേശം തുല്യമായി വിഭജിക്കപ്പെട്ടിരിക്കുന്നു. 1.6 കോടി ജനങ്ങള്‍ (ഏകദേശം 47.7 %) നഗര പ്രദേശങ്ങളിലും 1.74 കോടി (ഏകദേശം 52.3%) ജനങ്ങള്‍ നഗരങ്ങളിലും താമസിക്കുന്നവരാണ്. 2011ലെ കണക്ക് പ്രകാരം 92.72 ശതമാനമാണ് നഗര ജനസംഖ്യയുടെ ദശാബ്ദ വളർച്ച നിരക്ക്.
ഈ വിഷയവുമായി ബന്ധപ്പെട്ട് താഴെപറയുന്ന പ്രശ്‌നങ്ങൾ ചര്‍ച്ചചെയ്യാവുന്നതാണ്.
പ്രശ്നങ്ങള്‍ തിരിച്ചറിയല്‍:
- സമീപ വർഷങ്ങളിൽ നിങ്ങളുടെ പ്രദേശത്ത് ശ്രദ്ധയിൽപ്പെട്ട ആവാസ വ്യവസ്ഥയിലെ മാറ്റങ്ങൾ എന്തെല്ലാമാണ്? (നിർമ്മിക്കുന്ന വീടുകളുടെ വലിപ്പം, എണ്ണം, നിർമ്മാണ രീതി എന്നിവ പരിഗണിച്ച്)
- പുതിയ വീടുകള്‍ വ്യാപകമാകുന്നത് നിങ്ങളുടെ പ്രദേശത്തെ ജലസ്രോതസ്സുകളെയും ജലാശയങ്ങളെയും ബാധിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അവ പ്രളയത്തിന്റെയോ വരൾച്ചയുടെയോ ആഘാതം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടോ?
- പുതിയ ആവാസപ്രദേശങ്ങളെ പ്രളയം സ്ഥിരമായി ബാധിക്കുന്നുണ്ടോ? ഈ പ്രദേശങ്ങളിൽ സ്ഥിരമായി പ്രളയം സംഭവിക്കുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമായിരിക്കാം?
- ആവാസ പ്രദേശങ്ങളിൽ അഭിമുഖീകരിക്കുന്ന ഇത്തരം ദുരന്തങ്ങൾക്ക് സർക്കാരിനും ജനങ്ങൾക്കുമുള്ള പങ്ക് എത്രത്തോളമാണ്?
പരിഹാരങ്ങൾ:
- പ്രളയം, കാലാവസ്ഥാ വ്യതിയാനം എന്നിവയെ പ്രതിരോധിക്കുന്ന രീതിയിലുള്ള കെട്ടിട നിർമ്മാണ രീതികൾ പരിചിതമാണോ? നിങ്ങളുടെ അഭിപ്രായത്തിൽ വീടുകൾ, കെട്ടിടങ്ങൾ, ആവാസമേഖലകൾ എന്നിവ പ്രളയത്തെ പ്രതിരോധിക്കുന്ന രീതിയിൽ എങ്ങനെ നിർമ്മിക്കാം. (പ്രളയത്തെ പ്രതിരോധിക്കുന്നതിനും ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുമായി സ്വീകരിക്കേണ്ട നടപടികൾ, സംസ്ഥാന വ്യാപകമായി സ്വീകരിക്കാവുന്ന നൂതന നിർമ്മാണ സാമഗ്രികൾ, സാങ്കേതിക വിദ്യകൾ എന്നിവ)
- ഇത്തരം ആവാസകേന്ദ്രങ്ങളിൽ ഭാവിയിൽ സംഭവിച്ചേക്കാവുന്ന മാറ്റങ്ങൾ ലഘൂകരിക്കുന്നതിന് സ്വീകരിക്കാവുന്ന നടപടികൾ എന്തെല്ലാമാണ്? (നിങ്ങളുടെ പ്രദേശത്തെ ഉയർന്ന ജനസാന്ദ്രതയും വസ്തുവിന്റെ ലഭ്യതക്കുറവും പരിഹരിക്കാൻ സ്വീകരിക്കാവുന്ന ബദല്‍ നടപടികൾ)
- ശരിയായ കെട്ടിടനിർമ്മാണ ചട്ടങ്ങൾ നടപ്പിലാക്കുന്നതിലൂടെ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ സംഭവിക്കാവുന്ന നഷ്ടങ്ങൾ കുറയ്ക്കാന്‍ സാധിക്കുമോ? (അപകട സാധ്യതാ പ്രദേശങ്ങൾ തിരിച്ചറിയുക)
നിര്‍വഹണം, നിയമങ്ങള്‍ നടപ്പാക്കല്‍:
- ദുരന്തസാധ്യതയുള്ള ഇടങ്ങളില്‍ പഴുതില്ലാത്ത വിധം നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുന്നതിനായി എങ്ങനെയുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്?
- കെട്ടിടനിർമ്മാണ നിയമങ്ങളിലും മുനിസിപ്പാലിറ്റി/പഞ്ചായത്ത് ചട്ടങ്ങളിലും ഉള്‍ക്കൊള്ളിക്കാവുന്നതും നിലവില്‍ സംസ്ഥാനത്ത് സ്വീകരിച്ചുവരുന്നതുമായ ബദല്‍ പരിഹാര മാർഗ്ഗങ്ങൾ ഏതെല്ലാമാണ്?
- ഭാവിയിൽ ഉണ്ടായേക്കാവുന്ന കയ്യേറ്റങ്ങളെ ചെറുക്കാനും നിരീക്ഷിക്കാനും പ്രാദേശിക സമൂഹങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാനാകും?
- പുതിയ ആവാസകേന്ദ്രങ്ങളിലും ദുരന്തസാധ്യത മേഖലകളിലും ഭൂവിനിയോഗവുമായി ബന്ധപ്പെട്ട് കൊണ്ടുവരേണ്ട നിയന്ത്രണങ്ങളും, നിയമനടപടികളും. (ഭൂവിനിയോഗത്തിലും ആവാസകേന്ദ്രങ്ങളുടെ രൂപകല്പനയിലും സംസ്ഥാനതലത്തില്‍ സ്വീകരിക്കേണ്ട സമീപനം, നിലവിലുള്ള സംവിധാനത്തിലെ അപര്യാപ്തതകള്‍ എന്തൊക്കെ, ഭൂപരിപാലന രീതികളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെ)
ഖനനം
ഭൂവിനിയോഗവുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിര്‍ണായകമായതാണ് ഖനനം. അസന്തുലിതമായ ഖനന രീതികള്‍ പരിസ്ഥിതിക്ക് അപരിഹാര്യമായ നഷ്ടമുണ്ടാക്കുന്നതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള അതിജീവനക്ഷമതയെതന്നെ പ്രതികൂലമായി ബാധിക്കുന്നതുമാണ്.
കേരളത്തിലെ ഖനനപ്രവര്‍ത്തനങ്ങളില്‍ സിംഹഭാഗവും ധാതുമണല്‍, കളിമണ്ണ് എന്നിവയ്ക്കുവേണ്ടിയാണ്. മണല്‍, ചുണ്ണാമ്പ് കല്ല്, ഗ്രാനൈറ്റ് എന്നിവയുടെ ഖനനവും താരതമ്യേന കുറഞ്ഞ അളവിലാണെങ്കിലും നടക്കുന്നുണ്ട്. സംസ്ഥാനത്തെ ധാതു ഉത്പാദനത്തിന്റെ 90 ശതമാനവും ധാതുമണല്‍, കളിമണ്ണ് ഖനനത്തില്‍നിന്നാണ് ലഭിക്കുന്നത്. എന്നാല്‍ പുഴമണലും പാറയും അശാസ്ത്രീയമായ തരത്തില്‍ വ്യാപകമായി ഖനനം ചെയ്യുന്നതാണ് കേരളത്തിന്റെ ജല- പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് കനത്ത ഭീഷണി ഉയര്‍ത്തുന്നത്.
ഖനനവുമായി ബന്ധപ്പെട്ട് സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളികൾ:
- അനിയന്ത്രിത ഖനനപ്രവർത്തനങ്ങൾ
- മനുഷ്യരുടെയും വന്യ മൃഗങ്ങളുടെയും വാസസ്ഥലങ്ങൾക്കും ദുരന്തസാധ്യതാ പ്രദേശങ്ങൾക്കും സമീപം പ്രവർത്തിക്കുന്ന പാറ ക്വാറികൾ
- നദികളിലെ അനിയന്ത്രിതമായ മണലൂറ്റൽ
- ക്വാറികളുടെ ദൂരപരിധിയില്‍ വരുത്തുന്ന ഇളവുകൾ
ഈ ഘടകങ്ങൾ ദുരന്തങ്ങളുടെ ആഘാതം വർദ്ധിപ്പിക്കുന്നതിനും ബന്ധപ്പെട്ടു കിടക്കുന്ന താഴ്ന്ന പ്രദേശങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാവുന്നുണ്ട്. 2018ലെ പ്രളയകാലത്ത് പാരിസ്ഥിതിക ദുർബല പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ കൂടുതലായി ഉണ്ടാകുന്നതിന് പാറഖനനം കാരണമായിട്ടുണ്ടെന്നാണ് പൊതു വിലയിരുത്തല്‍. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോള്‍ അപകട സാധ്യത പരമാവധി കുറയ്ക്കുന്നതിനും ക്വാറികളിലെ അശാസ്ത്രീയമായ ഖനനരീതികളില്‍ അടിയന്തരമാറ്റങ്ങള്‍ ആവശ്യമാണ്.
നദികളിലും നീർത്തടങ്ങളിലും നടക്കുന്ന അനിയന്ത്രിതമായ രീതിയിലുള്ള മണലൂറ്റൽ കര ഇടിയുന്നതിനും ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നതിനും ജലമലിനീകരണം പോലുള്ള അനുബന്ധ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കും കാരണമായിട്ടുണ്ട്.
ഖനന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിനും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമായി പ്രാദേശിക സമൂഹവും ബന്ധപ്പെട്ട മറ്റു കക്ഷികളുമായും കൂടിയാലോചന നടത്തുന്നതിനായുള്ള ചര്‍ച്ചാ സൂചകങ്ങള്‍-
- നിങ്ങളുടെ പ്രദേശത്തെ ആവാസ വ്യവസ്ഥയെയും ജീവജാലങ്ങളെയും ഖനന പ്രവർത്തനങ്ങൾ എങ്ങനെയാണ് ബാധിക്കുന്നത്? ഖനന പ്രദേശങ്ങളോട് അടുത്ത് താമസിക്കുന്നത് കൊണ്ട്, അല്ലെങ്കിൽ അവിടെ ജോലി ചെയ്യുന്നതു കൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ (ആരോഗ്യ പ്രശ്‌നങ്ങൾ, ജീവിതരീതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ)അനുഭവിച്ചിട്ടുണ്ടോ?
- നിങ്ങളുടെ പ്രദേശത്ത് ഖനന പ്രവർത്തനങ്ങൾ എന്തുതരം ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്?ഖനനപ്രവർത്തനങ്ങൾ പ്രളയത്തിലേക്കോ, ഉരുൾപ്പൊട്ടലിലേക്കോ നയിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ഇവ എങ്ങനെ നിയന്ത്രിക്കാം?
- അനിയന്ത്രിതവും നിയമവിരുദ്ധവുമായ ഖനനപ്രവർത്തനങ്ങളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കാൻ പ്രാദേശിക ഭരണ തലത്തിൽ സ്വീകരിക്കാവുന്ന നടപടികൾ എന്തെല്ലാം?
- പരിസ്ഥിതിയെ സംരക്ഷിക്കുകയും സുസ്ഥിരമായ ഖനന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് നിലവിലുള്ള നിയമത്തിലും നിയന്ത്രണങ്ങളിലും എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത്?
- അനധികൃതമായ ഖനനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്ക് പുതിയ ജീവനോപാധി കണ്ടെത്തുന്നതിന് എന്തുചെയ്യാന്‍ സാധിക്കും?
- അനധികൃത ഖനനം തിരിച്ചറിയുന്നതിനും തടയുന്നതിനും സമൂഹത്തിന് എന്ത് ചെയ്യാൻ സാധിക്കും?
- നിങ്ങളുടെ പ്രദേശത്തെ ഉപേക്ഷിക്കപ്പെട്ട ക്വാറികളെ എങ്ങനെയൊക്കെ ഉപയോഗിക്കാനാകും?
ദുരന്തസാധ്യതാ മേഖലകള്‍
വന്‍തോതിലുള്ള തീരശോഷണം, ഉരുള്‍പൊട്ടല്‍, പ്രളയം, വരൾച്ച, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ സംഭവിക്കാൻ സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. ഓരോ ദുരന്തവും ചില പ്രത്യേക മേഖലകള്‍ കേന്ദ്രീകരിച്ചാണ് കൂടുതലായി സംഭവിക്കുന്നത്. അതിനാല്‍ മേഖലാടിസ്ഥാനത്തില്‍ അവയെ പരിഗണിക്കാവുന്നതാണ്. ഈ മേഖലകളുടെ ഭൂമിശാസ്ത്രപരവും സാമൂഹിക- സാമ്പത്തികപരവുമായ പ്രത്യേകതകള്‍ കണക്കിലെടുത്തുള്ള ദുരന്ത പ്രതിരോധ- നിവാരണ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്.
തീരശോഷണം: 593 കിലോമീറ്റർ നീളമുള്ള തീരപ്രദേശമുള്ള കേരളത്തില്‍ തിരമാലകളും വേലിയേറ്റവും മൂലം സ്ഥിരമായി ഉണ്ടാകുന്ന തീരശോഷണം പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ വാസസ്ഥലങ്ങൾക്കും ഉപജീവനോപാധികള്‍ക്കും കാര്യമായ നഷ്ടമുണ്ടാക്കുന്നുണ്ട്.
തുറമുഖങ്ങളുടെ നിർമ്മാണം പോലെയുള്ള ഇടപെടലുകൾ തീരത്തോട് ചേര്‍ന്നുള്ള സമുദ്രഭാഗത്തെ ആവാസവ്യവസ്ഥയെ താളംതെറ്റിക്കുന്നു. മത്സ്യങ്ങളുടെ ആവാസവ്യവസ്ഥകളില്‍ ഘടനാപരമായ മാറ്റത്തിനും അവയുടെ പ്രജനന സ്വഭാവങ്ങളിലുള്ള വ്യത്യാസത്തിനും ചിലയിനം മല്‍സ്യങ്ങളുടെ എണ്ണം പെട്ടെന്നു കുറയുന്നതിനും അതുവഴി മൊത്തത്തിലുള്ള മത്സ്യസമ്പത്തില്‍ കുറവുണ്ടാകുന്നതിനും മനുഷ്യന്റെ ഇടപെടലുകള്‍ കാരണമാകുന്നു. അതുകൊണ്ടുതന്നെ തീരദേശങ്ങളിലുള്ള നിർമ്മാണപ്രവർത്തനങ്ങൾ കൂടുതൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. വികസനത്തിന്റെ സാമൂഹിക, സാമ്പത്തിക നേട്ടങ്ങൾ നഷ്ടപ്പെടുത്താതെ തീരദേശ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കേരളം പോലെ ജനസാന്ദ്രതയേറിയ പ്രദേശത്ത് ഇത്തരത്തിൽ ഭൂമി കടലെടുത്ത് പോകുന്നത്, വാസസ്ഥലം കണ്ടത്തുന്നതും ഉപജീവനമാർഗ്ഗമൊരുക്കുന്നതും കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. മത്സ്യത്തൊഴിലാളി സമൂഹവും മറ്റും നിരന്തരമായി അഭിമുഖീകരിക്കുന്ന ഈ പ്രശ്‌നത്തെ നേരിടാന്‍ ഫലപ്രദമായ ഭൂവിനിയോഗാസൂത്രണം നടത്തേണ്ടതുണ്ട്.
ഈ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചാസൂചകങ്ങള്‍:
- താങ്കളുടെ പ്രദേശത്ത് തീരശോഷണം വർദ്ധിക്കുന്നതിന് കാരണമായ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണ്?
- മത്സ്യത്തൊഴിലാളികളുടെയും നെൽകർഷകരുടെയും തീരദേശ സമൂഹങ്ങളുടെയും ഉപജീവനത്തെ എങ്ങനെയൊക്കെയാണ് തീരശോഷണം ബാധിക്കുന്നത്?
- കടല്‍ ഭിത്തികള്‍ പോലുള്ള പരമ്പരാഗത പ്രതിരോധ നടപടികള്‍ തീരശോഷണം തടയാൻ സഹായിച്ചിട്ടുണ്ടോ? തീരക്കടലിന്റെ ആഴം വര്‍ധിക്കുന്നതിന് ഇത്തരം നടപടികള്‍ കാരണമായിട്ടുണ്ടോ? തീരശോഷണം തടയുന്നതിന് എന്തൊക്കെ നടപടികളാണ് താങ്കൾക്ക് നിർദേശിക്കാനുള്ളത്?
- തുറമുഖങ്ങള്‍, ബ്രേക്ക് വാട്ടറുകള്‍, ബീച്ചുകളോടും മറ്റും ചേര്‍ന്നുള്ള തിട്ടകള്‍ തുടങ്ങിയ നിര്‍മിതികള്‍ തീരദേശത്തെ എങ്ങനെ ബാധിക്കുന്നു? തീരശോഷണം കൂടുന്നതിന് ഇവയുടെ സാന്നിദ്ധ്യം കാരണമാകുന്നുണ്ടോ?
- തീരശോഷണം മൂലം ഉണ്ടാകുന്ന പാരിസ്ഥിതികവും ഘടനാപരവുമായ നഷ്ടം ലഘൂകരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എന്ത് നടപടികളെടുക്കാനാകും?
- തീരദേശത്തെ മണ്ണൊലിപ്പ് കുറയ്ക്കുന്നതിനുള്ള സുസ്ഥിരമായ മാർഗങ്ങളുണ്ടോ? എന്തൊക്കെയാണവ?
- തീരശോഷണത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവര്‍ അവരുടെ ഉപജീവനോപാധികള്‍ സംരക്ഷിക്കുന്നത് എങ്ങനെയാണ്? തീരദേശവാസികളുടെ അതിജീവനക്ഷമത വര്‍ധിപ്പിക്കുന്നതിനുതകുന്ന ബദല്‍ ജീവനോപാധികള്‍ നിര്‍ദേശിക്കാമോ?
- തീരദേശത്തോട് ചേർന്നിരിക്കുന്ന അത്യന്തം അപകട സാധ്യതയുള്ള വീടുകളിലുള്ളവരെ തിരമാലകളുടെ അപകടഭീഷണി ഇല്ലാത്തത്ര അകലത്തിൽ, എന്നാൽ ഒരുപാടു ദൂരെയല്ലാതെ മാറ്റി സ്ഥാപിക്കാനുള്ള ഇടങ്ങൾ കണ്ടെത്താനാകുമോ?
- തീരദേശസംരക്ഷണത്തിനായി കണ്ടൽക്കാടുകള്‍ തീരത്തുടനീളം വളര്‍ത്തിയെടുക്കുന്നതു പോലെയുള്ള പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളില്‍ തീരദേശ ജനതയുടെ പങ്കാളിത്തം എങ്ങനെ ഉറപ്പാക്കാം?
ഉരുള്‍പൊട്ടല്‍: കേരളത്തിൽ ഉരുള്‍പൊട്ടലിനുള്ള സാദ്ധ്യത വളരെ കൂടിക്കൊണ്ടിരിക്കുകയാണ്. പ്രളയത്തോടനുബന്ധിച്ച് ഉണ്ടാകുന്ന ഉരുള്‍പൊട്ടലുകള്‍ 2018ലും 2019ലും സംഭവിച്ചതുപോലെ ജീവനും സ്വത്തിനും കനത്ത നഷ്ടമുണ്ടാക്കുന്നു. കുഴലീകൃത മണ്ണൊലിപ്പ്, വനനശീകരണം, അനിയന്ത്രിതവും അശാസ്ത്രീയവുമായ ഖനനം, അശാസ്ത്രീയമായ ഭൂവിനിയോഗം എന്നിവയ്ക്കൊപ്പം അതിതീവ്രമഴയും കൂടിയാകുമ്പോള്‍ ഉരുള്‍പൊട്ടലിന്റെ ആവൃത്തിയും തീവ്രതയും വർദ്ധിക്കുന്നതിന് കാരണമാകുമെന്ന് ശാസ്ത്രസമൂഹം വിലയിരുത്തുന്നു.
ദുരന്തസാധ്യതാ പ്രദേശങ്ങള്‍ അടയാളപ്പെടുത്തുക, ഫലപ്രദമായ മുന്നറിയിപ്പ്- നിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കുക, പ്രാദേശികമായ ആസൂത്രണവും നയങ്ങളും രൂപപ്പെടുത്തുക എന്നിവയാണ് പൊതുവായുള്ള ഉരുള്‍പൊട്ടല്‍ ലഘൂകരണ തന്ത്രങ്ങള്‍. ഇത്തരം പ്രതിരോധമാര്‍ഗങ്ങള്‍ സുസ്ഥിരമാകണമെങ്കിൽ പ്രാദേശിക സാമ്പത്തിക, സാമൂഹിക താത്പര്യങ്ങളെ കണക്കിലെടുത്തു കൊണ്ടു കൂടിയുള്ള പ്രകൃതി വിഭവങ്ങളുടെ പരിപാലനം സാധ്യമാകേണ്ടതുണ്ട്. അതിനാൽ ഉരുള്‍പൊട്ടലും അതിനെത്തുടര്‍ന്നുള്ള നാശനഷ്ടങ്ങളും കുറയ്ക്കുന്നതിന് പ്രാദേശിക സമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയേണ്ടതുണ്ട്.
- നിങ്ങളുടെ പ്രദേശത്ത് ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെങ്കില്‍/ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്?
- പ്രദേശത്ത് ഉരുള്‍പൊട്ടലിന്റെ തീവ്രത വർദ്ധിക്കുകയോ കുറയുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്തിട്ടുണ്ടോ?
- കുന്നിൻചെരിവുകളിലെ ഭൂവിനിയോഗത്തിൽ കാലങ്ങളായി വന്നിട്ടുള്ള മാറ്റങ്ങൾ എന്തൊക്കെയാണ്?
- നിങ്ങളുടെ പ്രദേശത്തെ ഉരുള്‍പൊട്ടലിന് താഴെപറയുന്ന ഘടകങ്ങളുമായുള്ള ബന്ധമെന്താണ്?
- കുന്നിന്‍ചരിവുകളിലെ വിളരീതികള്‍
- അധിവാസ മേഖലകള്‍
- ഭൂഗർഭജലം
- മറ്റുള്ളവ(എന്തെങ്കിലും ഉണ്ടെങ്കിൽ അവയ്ക്ക് പേര് നൽകുക)
- താഴെപറയുന്നവയുടെ പശ്ചാത്തലത്തില്‍ ഉരുള്‍പൊട്ടലും അതിന്റെ ആഘാതവും കുറയ്ക്കുന്നതിന് എന്ത് ചെയ്യാനാകും?
- നിയന്ത്രണ നടപടികള്‍ പോലുള്ള ഇടപെടലുകള്‍
- അധിവാസ മേഖലകളിലെ ഘടനാപരമായ മാറ്റങ്ങൾ
- നയവ്യതിയാനങ്ങളും പുതിയ നയങ്ങളും
- നിലവിലുള്ള നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കുകയും ഖനനം പോലെയുള്ള ചില പ്രത്യേക വികസനപ്രവർത്തനങ്ങൾ നിരോധിക്കുകയും ചെയ്യുക
- പുതിയ നിയന്ത്രണങ്ങൾ
- നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടുള്ള കാര്യങ്ങള്‍ സംബന്ധിച്ച് പ്രദേശവാസികൾക്ക് എങ്ങനെ ഫലപ്രദമായി നിരീക്ഷിക്കാനാകും?
- ആളുകളുടെ ജീവിതോപാധികളെ ബാധിക്കുന്ന വിഷയങ്ങളിൽ നിയന്ത്രണം കൊണ്ടുവരുമ്പോൾ എന്തൊക്കെ ബദല്‍ സംവിധാനങ്ങള്‍ സ്വീകരിക്കണം?
- ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നൽകുന്നതിന് നിങ്ങളുടെ പ്രദേശത്ത് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാനാകുന്ന സംവിധാനം ഏതാണ്?
വരൾച്ച: സ്വാഭാവിക ജല വ്യവസ്ഥകള്‍ക്ക് (natural water systems) പ്രളയാനന്തരം മുന്‍കൂട്ടി മനസിലാക്കാന്‍ കഴിയാത്തത്ര വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രളയം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പലയിടത്തും നദികളുടെ ഒഴുക്ക് കുറയുകയും അരുവികൾ മിക്കതും വറ്റുകയും ചെയ്തു. കുടിവെള്ളത്തിനായി ആശ്രയിച്ചുവരുന്ന കിണറുകളിലും സംസ്ഥാനവ്യാപകമായി ജലവിതാനം കുറഞ്ഞു. തുടർച്ചയായുണ്ടാകുന്ന പ്രളയത്തിനും സാധാരണ മഴക്കാലത്തിനുമൊപ്പം തന്നെ വരൾച്ചയേയും നേരിടാൻ നാം തയ്യാറെടുക്കേണ്ടതുണ്ട് എന്നാണ് ഇതിൽ നിന്നും മനസിലാക്കാനാകുന്നത്.
പ്രളയത്തെ അപേക്ഷിച്ച്, വരൾച്ച അനുഭവപ്പെട്ടു തുടങ്ങാന്‍ കൂടുതല്‍ കാലമെടുക്കും. ദീര്‍ഘകാലം കുറഞ്ഞ അളവിലുള്ള മഴ ലഭിക്കുന്നതു മൂലമോ മഴ തീരെ ലഭിക്കാതിരിക്കുന്നത് മൂലമോ ആണ് സാധാരണ വരള്‍ച്ച ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഭൂമിശാസ്ത്രപരമായും കാലാവസ്ഥാപരമായും ജലശാസ്ത്രപരവുമായസവിശേഷമായ പ്രത്യേകതകള്‍ കണക്കിലെടുക്കാതെ പേമാരിക്കും വെള്ളപ്പൊക്കത്തിനും തൊട്ടുപുറകേ വരുന്ന വരൾച്ച എന്തു കൊണ്ടാണെന്ന് മനസ്സിലാക്കുക പ്രയാസകരമാണ്.
പശ്ചിമഘട്ടത്തിനും അറബിക്കടലിനുമിടയിൽ 35-120 കിലോമീറ്റർ മാത്രം വീതിയുള്ള, കടലിലേക്ക് ചരിഞ്ഞ് കിടക്കുന്ന ഭൂപ്രദേശമാണ് നമ്മുടെ സംസ്ഥാനം. ഒഴുകിവരുന്ന വെള്ളത്തെ വളരെ കുറഞ്ഞ സമയംകൊണ്ട് കടലിൽ എത്തിച്ചേരാൻ പ്രാപ്തമാക്കുന്ന തരത്തിലുള്ള ഒട്ടേറെ ചെറിയ അരുവികളും എല്ലായിടത്തുമുണ്ട്. കാലാവസ്ഥാശാസ്ത്രപ്രകാരം താരതമ്യേന രണ്ട് ചെറിയ മഴക്കാലങ്ങൾക്കിടയിൽ (കാലവര്‍ഷവും തുലാവര്‍ഷവും) ദൈർഘ്യമേറിയ വേനൽക്കാലങ്ങൾ ഉണ്ടാകുന്ന സംസ്ഥാനവുമാണിത്. മണ്ണിലേക്ക് ശുദ്ധജലം എത്തിച്ചേരാനുള്ള ഒരേ ഒരു പ്രകൃതിദത്തവഴിയും മഴ മാത്രമാണെന്നതിനാൽ ഈ സാഹചര്യം വളരെ പ്രതികൂലമാണ്. ഈ സവിശേഷതകൾക്കൊപ്പം, സ്വാഭാവിക ജലാശയങ്ങളെ ഇല്ലാതാക്കിക്കൊണ്ടും നിർമണപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുമുള്ള ഭൂവിനിയോഗവും അനിയന്ത്രിതവും യന്ത്രവത്കൃതവുമായ മണൽവാരലും അതുവഴി പുഴകളുടെ ജലവിതാനം താഴുന്നതും നമ്മെ ഓരോ വർഷവും കൂടുതൽ കൂടുതൽ വരൾച്ചയിലേക്ക് അടുപ്പിക്കുന്നു.
ജലദൗർലഭ്യം സ്വാഭാവികമായി അനുഭവപ്പെടുന്ന പ്രദേശങ്ങൾ വാസസ്ഥലത്തിനായി തിരഞ്ഞെടുക്കുന്നതും സ്ഥിതി വഷളാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന-ജില്ലാ തല ദുരന്തനിവാരണ പദ്ധതികൾ പുനപരിശോധിച്ച് വരൾച്ചയെ പ്രതിരോധിക്കുന്നതിന് കൂടുതൽ പര്യാപ്തമാക്കേണ്ടതുണ്ട്.
വരൾച്ചാപ്രതിരോധത്തെ പറ്റി ചിന്തിക്കുമ്പോൾ നാം ആദ്യം കണക്കിലെടുക്കേണ്ടത് പ്രകൃതിദത്ത ജലാശയങ്ങളേയും പരമ്പരാഗത ജല സ്രോതസുകളെയും എങ്ങനെ വീണ്ടെടുക്കാമെന്നും സംരക്ഷിക്കാമെന്നുമാണ്. അതോടൊപ്പം വരൾച്ചെയെ പ്രതിരോധിക്കാൻ എന്തെല്ലാം തരത്തിലുള്ള ജലസംരക്ഷണമാർഗ്ഗങ്ങൾ കൊണ്ടുവരാമെന്നതും ചിന്തിക്കണം. ഇതിന് സമൂഹത്തിന്റെ പൂർണമായ സഹകരണവും പിന്തുണയും ആവശ്യമാണ്. പ്രശ്നത്തെ അതിന്റെ സമഗ്രതയില്‍ മനസ്സിലാക്കുന്നതിനും പ്രശ്ന പരിഹാരം നിര്‍ദ്ദേശിക്കുന്നതിനും വരൾച്ച ബാധിക്കാൻ ഇടയുള്ള പ്രദേശങ്ങളിലുള്ളവരുമായി വിഷയം ചർച്ച ചെയ്യേണ്ടതുണ്ട്.
ചര്‍ച്ചാസൂചകങ്ങള്‍:
- നിങ്ങളുടെ പ്രദേശത്തെ വരൾച്ചയുടെ കാരണങ്ങൾ എന്തൊക്കെയാണ്?
- വരൾച്ചയ്‌ക്കെതിരായ നടപടികൾ എന്തൊക്കെയാണ്? ഇത്തരം പരിഹാരമാര്‍ഗ്ഗങ്ങള്‍ വ്യാപകമായി നടപ്പിലാക്കാനാകുമോ?
- ലഭ്യമായ ബദല്‍ ജലസ്രോതസ്സുകൾ എന്തൊക്കെയാണ്?
- കുടിവെള്ള സ്രോതസുകളെ സംരക്ഷിക്കുന്നതിനും വരൾച്ചയെ പ്രതിരോധിക്കുന്നതിനും നാട്ടുകാര്‍ക്ക് എന്തൊക്കെ ചെയ്യാനാകും?
- വരൾച്ചയെ നേരിടാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് എന്ത് സംവിധാനങ്ങളാണ് ഉള്ളത്?
- മേഖലയിലെ വരൾച്ച കുറയ്ക്കുന്നതിന് സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത്?
- ക്ഷാമം നേരിടുന്ന അവസരങ്ങളിൽ മെച്ചപ്പെട്ട രീതിയിൽ എങ്ങനെ കുടിവെള്ളം ലഭ്യമാക്കാം?
- വരൾച്ചാ സമയത്ത് ജലഉപയോഗം നിയന്ത്രിക്കുന്നതിനുള്ള എന്തൊക്കെ നടപടികൾ കൈക്കൊള്ളാൻ ജനങ്ങൾക്ക് സാധിക്കും?