നമ്മൾ നമുക്കായി

Switch To English Admin Login

header_mal.php Displaying header_mal.php.
Rebuild Kerala Initiative

പ്രളയാനന്തര പുനർനിർമ്മാണത്തിനായി ജലസ്രോതസ്സുകളുടെ സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

ജലപരിപാലനം


സമൃദ്ധമായ ജലസ്രോതസ്സുകളാൽ അനുഗൃഹീതമാണ് നമ്മുടെ കേരളം 3,000 മില്ലീമീറ്റര്‍ എന്ന മികച്ച ശരാശരി വാര്‍ഷിക വര്‍ഷപാതം, 44 പുഴകള്‍, 34 കായലുകള്‍, ധാരാളം കുളങ്ങള്‍, തോടുകളുടെ വിപുലമായ ശൃംഖല, ഒട്ടേറെ ഉറവകളും വിപുലമായ തണ്ണീർത്തടങ്ങളും - ജലസമ്പത്തിന്റെ കാര്യത്തില്‍ എത്ര സമ്പുഷ്ടമാണ് കേരളമെന്നു നോക്കൂ. സ്ഥലത്തിനും കാലത്തിനുമനുസരിച്ച് അടിക്കടി രൂപവും ഭാവവും മാറുന്ന ഈ സ്വാഭാവിക ജലസ്രോതസുകള്‍ തന്നെയാണ് വെള്ളപ്പൊക്കത്തിനും വരള്‍ച്ചയ്ക്കും ഇടയാക്കുന്നതും.

2018ലും 2019ലും തുടർച്ചയായി ഉണ്ടായ പ്രളയങ്ങള്‍ മൺസൂൺ മാസങ്ങളിലെ കനത്ത മഴയെത്തുടര്‍ന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തെ നേരിടാനും അതിജീവിക്കാനുമുള്ള സംസ്ഥാനത്തിന്റെ ശേഷിയെപ്പറ്റി ചോദ്യങ്ങൾ ഉയർത്തുന്നു. ആസൂത്രിതമായ ഭൂവിനിയോഗത്തിന്റെയും ജല പരിപാലനത്തിന്റെയും അഭാവം ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ മൂലമുള്ള നഷ്ടം വർദ്ധിക്കുന്നതിന് കാരണമായി. നദീതടങ്ങളുടെയും തണ്ണീർ തടങ്ങളുടെയും വ്യാപകമായ കയ്യേറ്റവും മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള സ്വാഭാവിക വഴികള്‍ അടഞ്ഞതും വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ടെന്ന് പൊതുവായി വിലയിരുത്തപ്പെടുന്നു. സംസ്ഥാന കെട്ടിടനിർമാണ ചട്ടങ്ങള്‍ കാലികമായി പരിഷ്കരിക്കപ്പെടാത്തതും അവ കൃത്യമായി പാലിക്കപ്പെടാത്തതും പഞ്ചായത്തുതലത്തില്‍ ദുരന്തപരിപാലന പദ്ധതികള്‍ രൂപീകരിക്കപ്പെടാത്തതും നദീതടങ്ങള്‍ സംരക്ഷിക്കുന്നതിലുള്ള വിമുഖതയും സംസ്ഥാനത്തെ ജലവിഭവ പരിപാലനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുന്നു.

കേരളത്തിലെ ജനസംഖ്യയുടെ 60% ത്തിലധികം അവരുടെ കുടിവെള്ള ആവശ്യങ്ങൾക്കായി കിണറുകളെ ആശ്രയിക്കുന്നു. പല പ്രദേശങ്ങളിലെയും ഭൂഗര്‍ഭജലവിതാനം അപകടകരമായ തോതിൽ താഴ്ന്നിട്ടുണ്ട്. കേന്ദ്ര ഭൂജല ബോർഡ് (CGWB) പഠനം നടത്തിയ 10,219 കിണറുകളിൽ 5,699 എണ്ണത്തിലും ജലനിരപ്പ് കുറഞ്ഞതായാണ് കണ്ടത്. 71% കിണറുകളിലും ജലവിതാനത്തില്‍ കുറവ് വന്നതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. കേരളത്തിലെ കിണറുകളിലെ ജലവിതാനം കുറയുന്നത് ജനങ്ങൾ നേരിടുന്ന ഏറ്റവും ഗൗരവമേറിയ പ്രശ്‌നമാണ് എന്ന് വിലയിരുത്താം. തുടര്‍ച്ചയായുണ്ടാകുന്ന വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും നമ്മളെല്ലാം കരുതുന്നതിന് വിരുദ്ധമായി, ഈ പ്രശ്നം കൂടുതൽ വഷളാക്കിയതായാണ് അനുഭവപ്പെടുന്നത്. അതിനാൽ, സ്വാഭാവിക ജലസ്രോതസ്സുകളുടെ അഭിവൃദ്ധിയും സംരക്ഷണവും, പൊതു, സ്വകാര്യ കിണറുകളില്‍ വർഷം മുഴുവൻ ജലലഭ്യത ഉറപ്പാക്കല്‍ എന്നിവ വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

വരൾച്ചയെ സംബന്ധിച്ച് മുൻ അധ്യായത്തിൽ പ്രതിപാദിച്ചതുപോലെ കേരളത്തിലുണ്ടാകുന്ന ജലക്ഷാമത്തിനും വരള്‍ച്ചയ്ക്കും ഭൂമിശാസ്ത്രംജലശാസ്ത്ര-,കാലാവസ്ഥ സംബന്ധിയായ കാരണങ്ങളുണ്ട്. എന്നാൽ ദശാബ്ദങ്ങളായി മനുഷ്യർ ചെയ്ത പ്രവൃത്തികളുടെ ഫലമാണ് ഇതിന്റെ തീവ്രതയും കാല ദൈർഘ്യവും വർദ്ധിപ്പിക്കാനിടയാക്കിയത്.

പ്രകൃതിദത്തമായ ജലാശയങ്ങളിലെയും അരുവികളിലെയും മലിനീകരണം; പ്രത്യേകിച്ച് അശാസ്ത്രീയ നഗരവൽകരണം നടക്കുന്ന പ്രദേശങ്ങളിലേത് വലിയ ആശങ്ക ഉളവാക്കുന്നു. സംസ്ഥാനത്തെ ജലവിഭവങ്ങളുടെ സംരക്ഷണവും പരിപാലനവുംഖര,ദ്രവ,കക്കൂസ് മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്കരണസംവിധാനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

അതിനാൽ, ജലലഭ്യതമാത്രമല്ല; ജലസ്രോതസുകളെ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്ന കാതലായ സമസ്യക്കു കൂടിയാണ് സംസ്ഥാനം ഉത്തരം കണ്ടെത്തേണ്ടത്. കനത്ത മഴയിൽ ഒഴുകിയെത്തുന്ന ജലത്തെ ഫലപ്രദമായി കൈകാര്യം ചെയ്യുല്‍, വരൾച്ചയുടെ ആഘാതം കുറയ്ക്കുന്നതിനായി ജലസംഭരണികളുടെ വൃഷ്ടിപ്രദേശങ്ങളുടെ പരിപാലനം, ഒരേ നദീതട പ്രദേശത്തെ ഉയർന്നതും താഴ്ന്നതുമായ ഇടങ്ങളിലെ ഗുണഭോക്താക്കൾ തമ്മിലുള്ള ഫലപ്രദമായ ഏകോപനം, നദിക്ക് വേണ്ടത്ര ഇടം നല്കുന്ന തരത്തില്‍ ഫലപ്രദമായ ഭൂവിനിയോഗ ആസൂത്രണം, തണ്ണീർത്തടങ്ങൾ നികത്തപ്പെടുന്നത് തടല്‍, ശാസ്ത്രീയമായ മാലിന്യ സംസ്കരണം തുടങ്ങിയവയ്ക്കായി കൃത്യമായ നയരൂപീകരണം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും ഏറ്റെടുത്ത് നടപ്പാക്കുന്നതിനും നാട്ടുകാരുടെ പരിപൂര്‍ണ്ണ പിന്തുണയും ആവശ്യമാണ്.

ജലവുമായി ബന്ധപ്പെട്ട ദുരന്തങ്ങളിന്മേല്‍ സംസ്ഥാനത്തെ ജലസ്രോതസ്സുകളുടെയും ജനങ്ങളുടെയും അതിജീവന ക്ഷമത വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. പ്രളയം, വരള്‍ച്ച, ജലസംരക്ഷണവുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച് ജനങ്ങള്‍ അവരുടെ നേരിട്ടുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തുറന്നു പറയുക എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

ജലവിഭവപരിപാലനവും ജലവുമായി ബന്ധപ്പെട്ട ദുരന്തങ്ങൾക്കെതിരെയുള്ള അതിജീവന ശേഷി ഉയർത്തുന്നതുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ താഴെപ്പറയുന്ന ചോദ്യങ്ങളെ ആസ്പദമാക്കിചർച്ചചെയ്യാം.

  1. തണ്ണീർത്തടങ്ങൾ കയ്യേറിയത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വര്‍ധിക്കുന്നതിനു കാരണമായിട്ടുണ്ടോ ? പാരിസ്ഥിതിക ദൗത്യം നിറവേറ്റുന്നതിനായി, തണ്ണീർത്തടങ്ങളിലെ അനാവശ്യ മനുഷ്യ ഇടപെടലുകള്‍ എങ്ങനെ ഒഴിവാക്കാം?
  2. നിങ്ങളുടെ അഭിപ്രായത്തിൽ, ജലാശയങ്ങളിൽ മണലും ചെളിയും അടിഞ്ഞുകൂടുന്നത് പ്രളയത്തെ എങ്ങനെ സ്വാധീനിക്കുന്നു? ഇത്തരത്തില്‍ മണലും ചെളിയും അടിഞ്ഞുകൂടുന്നത് തടയാൻ സര്‍ക്കാരിനും ജനങ്ങള്‍ക്കും എന്തൊക്കെ ചെയ്യാനാകും?
  3. പ്രകൃതിദത്ത ജലാശയങ്ങളിലെ മണലൂറ്റും തന്മൂലമുണ്ടാകുന്ന മണൽത്തിട്ടയുടെ ശോഷണവും ജലവിതാനത്തെ എങ്ങനെ ബാധിച്ചു?
  4. കിണറുകളിൽ വർഷം മുഴുവനും ശുദ്ധമായ ജല ലഭ്യത ഉറപ്പാക്കാൻ സര്‍ക്കാരും സമൂഹവും എന്ത് നടപടികൾ കൈക്കൊള്ളണം?
  5. നിങ്ങളുടെ പ്രദേശത്തെ ജലാശയത്തെ മലിനമാക്കുന്ന മാലിന്യത്തിന്റെ (ഖര/ദ്രവ/മനുഷ്യ വിസർജ്യം) ഉറവിടങ്ങൾ എന്തൊക്കെയാണ്? ഈ പ്രശ്നം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികൾ കൈക്കൊള്ളാം?
  6. കിണറുകളിലെ ജലലഭ്യത ഫലപ്രദമായി കൈകാര്യം ചെയ്യാനും കുളങ്ങൾ, തടാകങ്ങൾ, അരുവികൾ, നദി മുതലായ ജലാശയങ്ങളുടെ മലിനീകരണം തടയാനും ജനങ്ങൾക്ക് എന്ത് തരത്തിലുള്ള വിവര ലഭ്യതയാണ് ഉറപ്പാക്കേണ്ടത്?
  7. മനുഷ്യ മാലിന്യങ്ങള്‍ വികലമായി കൈകാര്യം ചെയ്യുന്നത് വെള്ളപ്പൊക്ക സമയത്ത് കുടിവെള്ള സ്രോതസ്സുകളുടെ മലിനീകരണത്തിന് എങ്ങനെയൊക്കെയാണ് കാരണമാകുന്നത്? ഭാവിയിൽ ഇത്തരം മലിനീകരണം തടയാൻ എന്ത് നടപടികൾ സ്വീകരിക്കാനാകും?

വിലാസം

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍,
റീബില്‍ഡ് കേരള ഇനീഷിയേറ്റീവ്,
1 A,
കാള്‍സര്‍ ഹെതര്‍ ടവര്‍,
ഹില്‍ട്ടണ്‍ ടവര്‍ ഹോട്ടലിന് എതിര്‍വശം,
പുന്നേന്‍ റോഡ്, സ്റ്റാച്യു,
തിരുവനന്തപുരം 695001

ഫോൺ

0471 2517276

ഇമെയിൽ

talktorebuild@kerala.gov.in

സാമൂഹിക മാധ്യമങ്ങൾ