നമ്മൾ നമുക്കായി

Switch To English Admin Login

header_mal.php Displaying header_mal.php.

നമ്മൾ നമുക്കായി

'നമ്മള്‍ നമുക്കായി' നവകേരള നിര്‍മാണത്തിന് ജനാഭിപ്രായം തേടിയുളള വെബ്‌പോട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ചേംമ്പറില്‍വെച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. www.rebuild.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പൊതുജനങ്ങള്‍ക്കു അഭിപ്രായം രേഖപ്പെടുത്താനുളള അവസരം ഉണ്ട്. എല്ലാവരും അത് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.



അസന്റ് 2020 ബിസിനസ് കോണ്‍ക്ലേവ്

കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തില്‍ ഒരു ലക്ഷം കോടിയില്‍പരം രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. വിവിധ സെഷനുകളിലായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മന്റ് ലിമിറ്റഡിന്റേതടക്കം ലഭിച്ച 32,008 കോടി രൂപയും, അബുദാബി ഇന്‍വസ്റ്റ്മന്റ് അതോറിറ്റി വാഗ്ദാനം ചെയ്ത 66700 കോടി രൂപയും ചേര്‍ന്നാണ് 98,708 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു.
അസന്റില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന രണ്ട് വ്യക്തികളുടെ വാഗ്ദാനം കൂടി കണക്കിലെടുത്താല്‍ നിക്ഷേപവാഗ്ദാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലാകും. ഇവരെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് കണ്ട് കൂടിയാലോചനകള്‍ നടത്തും. വിദേശ നിക്ഷേപകര്‍ക്കായി പ്രത്യേക സമ്മേളനം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



സ്റ്റുഡന്റ്‌സ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

സംസ്ഥാനത്തിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള പുതുതലമുറയുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നേരിട്ടറിയാന്‍ യൂണിവേഴ്സിറ്റി- കോളെജ് വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് സംവാദം നടത്തി. കോഴിക്കോട് ഫാറൂഖ് കോളെജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ് ലീഡേഴ്സ് കോണ്‍ക്ലേവിലായിരുന്നു സംവാദം.

പാരിസ്ഥിതിക വിഷയങ്ങള്‍, ജലസംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജനം, നൂതന കൃഷി രീതികള്‍, ദുരന്ത നിവാരണം തുടങ്ങിയ വിഷയങ്ങള്‍ക്ക് പാഠ്യപദ്ധതികളില്‍ സ്‌കൂള്‍ തലം മുതല്‍ മതിയായ പ്രാധാന്യം നല്‍കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യങ്ങളെ മുഖ്യമന്ത്രി തുറന്ന മനസ്സോടെ അംഗീകരിച്ചു. മാലിന്യ മുക്തമായ പരിസരം സൃഷ്ടിക്കുന്നതിന് വീടുകളില്‍ തന്നെ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കുന്നതിനും സംസ്‌കരിക്കുന്നതിനുള്ള പാഠങ്ങള്‍ പഠിക്കണം. കൃഷി ലാഭകരമല്ലെന്ന ധാരണ തിരുത്തുന്നതിന് ആധുനിക രീതിയിലുള്ള കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കപ്പെടണം. ജലസ്രോതസ്സുകള്‍ വൃത്തിയായി സംരക്ഷിക്കുകയും മഴവെള്ളം ശേഖരിക്കുന്നതിനായി മഴക്കുഴികളും സംഭരണികളും സ്ഥാപിക്കുകയും കിണറുകളിലേക്ക് വെള്ളം ആഴ്ന്നിറങ്ങാന്‍ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യണം.

സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന ജനകീയ ദുരന്തനിവാരണ സേനയില്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ഉണ്ടാകും. എന്‍.സി.സി, എന്‍.എസ്.എസ്, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, വിമുക്ത ഭടന്മാര്‍ തുടങ്ങിയവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

സംസ്ഥാനത്തിന്റെ വികസന നയം രൂപീകരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് രണ്ടാം സ്റ്റുഡന്റ് ലീഡേഴ്സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.



സാങ്കേതിക വിദഗ്ധരുടെ ശില്‍പശാല


പ്രളയാനന്തര കേരളത്തിന്റെ അഭിപ്രായ ശേഖരണ പരിപാടിയായ 'നമ്മള്‍ നമുക്കായി'യുടെ സാങ്കേതിക വിദഗ്ധര്‍ പങ്കെടുത്ത ദ്വിദിന ശില്‍പശാല തിരുവനന്തപുരത്തുവെച്ചു നടന്നു. ഭൂവിനിയോഗം, കൃഷി, വാസസ്ഥലം, ഖനനം, ദുരന്തസാധ്യതാ പ്രദേശം, ജലപരിപാലനം, പ്രാദേശിക സമൂഹവും അതിജീവനവും, ഗതാഗതം സാങ്കേതികവിദ്യ, വനപരിപാലനം എന്നീ വിഷയങ്ങളില്‍ കൂട്ടമായുളള ചര്‍ച്ച നടന്നു. ആശയസംവാദത്തില്‍ നൂറ്റിഇരുപതോളം പേര്‍ പങ്കെടുക്കുത്തു. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുളള അധ്യാപകര്‍, ഗവേഷകര്‍, വിവിധ വിഷയങ്ങളിലെ പണ്ഡിതര്‍, സംസ്ഥാനത്തെയും കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പഠനം നടത്തുന്ന പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ തുടങ്ങിയ ക്ഷണിക്കപ്പെട്ടവരാണ് ശില്‍പശാലയില്‍ പങ്കെടുത്തത്. ഒരേസമയം ഒന്‍പത് വേദികളിലായി നടന്ന ചര്‍ച്ചകളുടെ ക്രോഡീകരിച്ച ആശയങ്ങള്‍ വിദഗ്ധരുടെ തന്നെ പൊതുസംവാദവേദിയില്‍ അവതരിപ്പിച്ചു. ശില്‍പശാലയുടെ ഉളളടക്കം റീബില്‍ഡ് കേരള ഇനിഷിയേറ്റീവിന് കൈമാറും.



നമ്മള്‍ നമുക്കായി ബഹുജന ക്യാമ്പയിന്‍ പരിശീലനം


നവകേരള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച നമ്മള്‍ നമുക്കായി ബഹുജനക്യാമ്പയിനിന്റെ സംസ്ഥാനതല പരിശീലനപരിപാടിക്ക് തുടക്കമായി. സാമൂഹിക, പരിസ്ഥിതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികള്‍ക്കാണ് സംസ്ഥാനതലത്തില്‍ പരിശീലനം നല്‍കിയത്. 2018, 2019 വര്‍ഷങ്ങളിലുണ്ടായ രൂക്ഷമായ മഴക്കെടുതി-ദുരന്ത ലഘൂകര പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ തേടുന്നതിനായി റീബില്‍ഡ് കേരള ഇനീഷിയേറ്റീവ് നമ്മള്‍ നമുക്കായി ക്യാമ്പയിന്‍ ആരംഭിച്ചത്. ഒരു മാസത്തിനുളളില്‍ സംസ്ഥാനത്തെ രണ്ടരലക്ഷം പേര്‍ക്ക് പരിശീലനം നല്‍കും. കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകളിലും 87 നഗരസഭകളിലും 6 കോര്‍പ്പറേഷനുകളും ഉള്‍പ്പെടെയുള്ള 1034 തദ്ദേശ സ്ഥാപനങ്ങളില്‍ ആദ്യഘട്ടം പരീശീലനം നല്‍കും. കില വഴിയാണ് പരിശീലനം നല്‍കുന്നത്.
ദുരന്തത്തിന്റെ വ്യാപ്തി ലഘൂകരിക്കുക, ദുരന്തം വരാതെ എങ്ങനെ മുന്നോട്ട് പോകാം എന്നീ രണ്ട് കാര്യങ്ങളില്‍ ഊന്നിക്കൊണ്ടാണ് നവകേരള നിര്‍മ്മാണ പ്രവര്‍ത്തികള്‍ മുന്നോട്ട് പോകുന്നത്. സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയാസൂത്രണ പദ്ധതിക്ക് ശേഷം ചുരുങ്ങിയ സമയത്തിനുളളില്‍ നടക്കുന്ന ബൃഹത് ക്യാമ്പയിനാണ് നമ്മള്‍ നമുക്കായി പരിശീലന പരിപാടി.


ജനപ്രതിനിധികളുടെ സംഗമം


സ്വന്തം നാടിനെപറ്റി നല്ലപോലെ അറിയുന്നത് അവിടെ താമസിക്കുന്നവര്‍ക്കാണ്. അതുകൊണ്ട്തന്നെ നവകേരളം പടുത്തുയര്‍ത്താന്‍ പ്രാദേശികതലത്തില്‍ ആശയരൂപീകരണം നടത്തേണ്ടതുണ്ട്. ഗ്രാമ / വാര്‍ഡ് സഭകളാണ് ചര്‍ച്ചകള്‍ക്ക് നല്ലൊരുവേദി. തദ്ദേശസ്വയംഭരണ തലത്തില്‍ വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനോടൊപ്പം പ്രദേശത്തെ ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരുകളുടെ സംസ്ഥാനസംഗമം തിരുവനന്തപുരത്തുവെച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. എല്ലാവാര്‍ഡുകളില്‍ നിന്നുളള ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് വിശദമായ ചര്‍ച്ചകളിലൂടെ വാര്‍ഷികപദ്ധതി തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി ഓരോരുത്തരോടും അഭ്യര്‍ത്ഥിച്ചു. ചരിത്രത്തിലാദ്യമായി വാര്‍ഷിക പദ്ധതി തയ്യാറാക്കുന്ന ഗ്രാമസഭയില്‍ ദുരന്തവിനാരണ/ പ്രതിരോധ പ്രവര്‍ത്തനങ്ങളും ചര്‍ച്ചചെയ്യുന്നു എന്ന പ്രത്യേകതയും ഉണ്ട്. ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ മാതൃകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഓരോ വാര്‍ഡിലും 20 പേര്‍ക്കുവീതം പരിശീലനം നല്‍കുന്ന പരിപാടി കില മുഖേന നടപ്പാക്കി. ഫെബ്രുവരി മാസത്തില്‍ സംസ്ഥാനത്ത് 26,000 ഗ്രാമസഭകളാണ് ചേരുന്നത്.



ലോക കേരള സഭ ആഗോള കേരളത്തിന്റെ ഇടപെടല്‍ - ചര്‍ച്ച


പ്രളയവേളയിലെ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളിലെന്നപോലെ പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളിലും പ്രവാസി സമൂഹത്തിന്റെ പങ്ക് നിര്‍ണായകമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. ലോകകേരളസഭയുടെ ഭാഗമായി നടന്ന മേഖലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയത്തിലകപ്പെട്ടവരെ സഹായിക്കുന്നതിലും വിദേശരാജ്യങ്ങളിലെ ഭരണകൂടങ്ങളെ അതിനായി പ്രേരിപ്പിക്കുന്നതിലും വലിയ പങ്കാണ് പ്രവാസി മലയാളികള്‍ ചെയ്തത്. നവകേരള നിര്‍മാണത്തിന്റെ കാര്യത്തിലും നിര്‍ലോഭമായ സഹകരണം പ്രവാസികളുടെ ഭാഗത്തുനിന്നുണ്ടാവണം. ഭാവിയില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതിലും ദുരന്തങ്ങളെ അതിജീവിക്കാനാകുംവിധമുള്ള സാങ്കേതികവിദ്യകള്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അനുവര്‍ത്തിക്കുന്നതിലും പ്രവാസികളുടെ അനുഭവങ്ങളും സാങ്കേതികജ്ഞാനവും സഹായകമാവും. സമൂഹത്തിന്റെ താഴേത്തട്ടിലുള്ള ആളുകള്‍ മുതല്‍ ദുരന്തനിവാരണ മേഖലയിലെ വിദഗ്ധര്‍ വരെയുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇതിനായി സ്വീകരിക്കുന്നുണ്ട്. മന്ത്രിമാരായ എ.സി മൊയ്തീന്‍, കെ.കൃഷ്ണന്‍കുട്ടി, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വി.വേണു, ഊര്‍ജ വകുപ്പ് സെക്രട്ടറി ഡോ ബി.അശോക്, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ സംബന്ധിച്ചു

വിലാസം

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍,
റീബില്‍ഡ് കേരള ഇനീഷിയേറ്റീവ്,
1 A,
കാള്‍സര്‍ ഹെതര്‍ ടവര്‍,
ഹില്‍ട്ടണ്‍ ടവര്‍ ഹോട്ടലിന് എതിര്‍വശം,
പുന്നേന്‍ റോഡ്, സ്റ്റാച്യു,
തിരുവനന്തപുരം 695001

ഫോൺ

0471 2517276

ഇമെയിൽ

talktorebuild@kerala.gov.in

സാമൂഹിക മാധ്യമങ്ങൾ